ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുവകകളും കള്ളപ്പണവും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പദ്ധതയുമായി ആദായനികുതി വകുപ്പ്.
മറ്റ് രാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിനിടെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. പ്രതിവര്‍ഷം ഒരുകോടിരൂപയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്. വരുമാനനികുതി അടച്ചവരുടെ വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നികുതിദായകരില്‍ 1,40,139 ആളുകളാണ് തങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വരുമാനമുള്ളതായി കാണിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് അതായായത് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 88,649 പേര്‍ക്ക് മാത്രമാണ് ഒരുകോടിക്ക് മേല്‍ വരുമാനമുണ്ടായിരുന്നത്. കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ആകെയുള്ള കണക്കാണ് ഇത്. 60 ശതമാനത്തോളം വര്‍ധനവാണ് ഇത്തരത്തില്‍ കോടിശ്വരന്മാരുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്.
അതേസമയം ഒരുകോടിക്ക് മേല്‍ വരുമാനമുള്ള വ്യക്തികളുടെ എണ്ണത്തില്‍ 68 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 48,416 ആളുകളാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഒരുകോടി രൂപ വരുമാനമുള്ളതായി കാണിച്ചതെങ്കില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അത് 83,344 ആയി ഉയര്‍ന്നു.
വരുമാനത്തിന്റെ കണക്ക് വ്യക്തികള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതതരായത് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ മൂലമാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്മാന് സുശീല്‍ ചന്ദ്ര പറഞ്ഞു. നിയമനിര്‍മാണം, ബോധവത്കരണം, എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തുടങ്ങിയവ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഊര്‍ജിതമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഒരുകോടിയോളം വരുമാനമുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 3.79 കോടി നികുതി റിട്ടേണുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.85 കോടിയായി ഉയര്‍ന്നു. 80 ശതമാനത്തോളം വര്‍ധനവാണ് നികുതി റിട്ടേണുകളില്‍ ഉണ്ടായിട്ടുള്ളത്.