പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഞായറാഴ്ച രാവിലെ ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്.
പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു.
യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റി. ശനിയാഴ്ച കൊല്ലം സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ എസ് പി മഞ്ജു ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെയും പ്രതിഷേധത്തെയും തുടര്‍ന്ന് ദര്‍ശനത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ച ശബരിമല കയറുന്നതില്‍നിന്ന് പിന്‍വാങ്ങിയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജു. മല കയറാന്‍ മടങ്ങിയെത്തും. പോലീസ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിത്തന്നെന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മഞ്ജു പറഞ്ഞു
മല കയറ്റം ഉപേക്ഷിച്ചിട്ടില്ല. വിശ്വാസിയാണെന്നും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കാരണം ക്ഷേത്ര വളപ്പിനുള്ളില്‍ പ്രശ്നങ്ങളുണ്ടാകണ്ടെന്ന് കരുതിയാണ് പിന്‍മാറിയത്. സംരക്ഷണം ഒരുക്കിത്തരാന്‍ പോലീസ് തയ്യാറായിരുന്നു.
തന്റെ പേരില്‍ കേസുകളുണ്ട്. എന്നാല്‍ അവ സിവില്‍ കേസുകളാണ്. പശ്ചാത്തലത്തെ കുറിച്ച് എല്ലാ അന്വേഷണവും നടത്തിയ ശേഷം രണ്ടുമണിയോടെ ശേഷം മല ചവിട്ടാന്‍ തയ്യാറായിക്കോളാന്‍ പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ആ സമയത്താണ് മഴ പെയ്യാന്‍ തുടങ്ങിയതെന്നും മഞ്ജു പറഞ്ഞു.
പ്രതിഷേധം ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് പമ്പയിലെത്തിയത്. പോലീസ് സൗകര്യമൊരുക്കിത്തരുമെന്നും ക്ഷേത്രദര്‍ശനം നടത്താനാവും എന്ന വിശ്വാസമുണ്ടായിരുന്നു. തനിക്കൊപ്പം വേറെ സ്ത്രീകളാരും ഉണ്ടായിരുന്നില്ല. താന്‍ കാരണം ക്ഷേത്രവളപ്പിനുള്ളില്‍ പ്രശ്നമുണ്ടാകരുതെന്ന് കരുതി വിശ്വാസം മുറുകെ പിടിച്ച് പിന്മാറിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.