തിരുവനന്തപുരം: ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്യുന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരക്ഷിതമായി സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രവിധിക്ക് പിന്നാലെ എന്തായാലു ചില പ്രശ്നങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും എന്നാല്‍ സമവായത്തിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍.സ്ത്രീപ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പേരില്‍ ആരും ചാംപ്യന്‍ ചമയേണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ആരും ക്രെഡിറ്റെടുക്കാന്‍ പിടിവലിവേണ്ട, അയ്യപ്പന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയക്കളിക്കും തയാറല്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
വിധി ദുഃഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.