‘രാജ്യം വിടും മുമ്പ് ഞാന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു’…വെളിപ്പെടുത്തലുമായി വിജയ് മല്യ

ലണ്ടന്‍: വിവാദത്തിന് വഴി വച്ചേക്കാവുന്ന വന്‍ വെളിപ്പെടുത്തലുമായി വിവാദ വ്യവസായി വിജയ് മല്യ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മല്യ വെളിപ്പെടുത്തി. ഇന്ത്യ വിടും മുമ്പ് സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാമെന്ന് ധനമന്ത്രിയോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വന്‍ സാമ്പത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി വിജയ് മല്യയുടെ വാക്കുകള്‍.

ധനമന്ത്രിയുമായി സാമ്പത്തിക ഇടപാട് തീര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും താന്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ ആരോപിച്ചു. അതേസമയം 2014ല്‍ ധനമന്ത്രിയായി ചുമതലയേറ്റ ശേഷം താന്‍ മല്യയ്ക്ക് കൂടിക്കാഴ്ച്ച നടത്താനുളള അനുമതി നല്‍കിയിട്ടില്ലെന്ന് ജെയ്റ്റ്‌ലി തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സത്യമല്ലാത്ത വാക്കുകളാണ് മല്യയുടേതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ‘രാജ്യസഭാംഗമായിരുന്ന കാലത്തെ അധികാരം ചൂഷണം ചെയ്ത് മല്യ പലവട്ടം രാജ്യസഭയിലെത്തിയിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ രാജ്യസഭയില്‍ നിന്നും ഞാന്‍ മുറിയിലേക്ക് പോകുമ്പോള്‍ എന്റെ പിന്നാലെ വന്നു. ‘ഞാനൊരു ഓഫര്‍ മുന്നോട്ട് വെക്കുന്നു’ എന്ന് മല്യ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ബാങ്കുകളോട് പറായാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അയാളുടെ കൈയിലുണ്ടായിരുന്ന രേഖകള്‍ പോലും ഞാന്‍ സ്വീകരിച്ചിട്ടില്ല. അയാള്‍ക്ക് കൂടിക്കാഴ്ച്ച നടത്താന്‍ ഞാന്‍ ഒരിക്കലും അനുവാദം നല്‍കിയിട്ടില്ല’, ജെയ്റ്റ്‌ലി പറഞ്ഞു.

അതേസമയം ജെയ്റ്റ്‌ലിയെ കണ്ടെന്ന കാര്യം വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലും മല്യ ആവര്‍ത്തിച്ചു. എന്നാല്‍ പണം അടക്കാമെന്ന വാഗ്ദാനം എന്തിന് ധനമന്ത്രി തള്ളിക്കളയണം എന്ന് കോടതി ആരാഞ്ഞു. ബാങ്കുകള്‍ തന്റെ വാഗ്ദാനം നിരസിച്ച് തിരിച്ചടക്കുന്നതില്‍ നിന്നും തന്നെ തടഞ്ഞതായും ഈ ചോദ്യം ബാങ്കുകളോട് ചോദിക്കുന്നതാണ് നല്ലതെന്നും മല്യ മറുപടി പറഞ്ഞു. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമോ എന്ന് കോടതി മല്യയോട് ചോദിച്ചു. എന്നാല്‍ ‘ഞാന്‍ എന്തിന് അത് നിങ്ങളോട് പറയണം’ എന്നായിരുന്നു മല്യയുടെ മറുപടി. മല്യയെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ ഡിസംബര്‍ 10ന് വിധി പ്രസ്താവിക്കുെന്ന് കോടതി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7