പികെ ശശി എംഎല്‍എക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടി, നടപടി തുടങ്ങി; പരാതി പൊലീസിന് നല്‍കേണ്ട കാര്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി പാര്‍ട്ടിയുടെതായ രീതിയില്‍ പരിഹരിക്കുമെന്നും നടപടി ആരംഭിച്ചതായും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞുതെറ്റുകാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. പരാതി പൊലീസിന് നല്‍കേണ്ട കാര്യമില്ല. പാര്‍ട്ടി നടപടിയേടുക്കേണ്ടതിനാലാണ് പരാതിയുള്ളവര്‍ പാര്‍ട്ടിക്ക് നല്‍കിയത്. പൊലീസ് നടപടിയായിരുന്നു വേണ്ടതെങ്കില്‍ അവര്‍ പരാതി പൊലീസിന് നല്‍കുമായിരുന്നു. പാര്‍ട്ടി ഇക്കാര്യത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. പരാതി മുക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കോടിയേരി പറഞ്ഞു.

പികെ ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്തയിലുള്ളത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. പരാതി ലഭിച്ചതിന്റെ പിന്നാലെ തന്നെ പാര്‍്ട്ടി ഇക്കാര്യത്തില്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എം സ്വരാജ്, എഎന്‍ ഷംസീറുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോടിയേരി മാധ്യമങ്ങളെ കണ്ടത്. പികെ ശശിക്കെതിരായ പരാതി ലഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായും യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തനിക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പികെ ശശി ആരോപിച്ചു. തനിക്കെതിരെ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്നും ശശി പറഞ്ഞു.ഇങ്ങനെയൊരു പരാതി ഉള്ളതായി തനിക്കറിയില്ല. പരാതി ഉണ്ടെന്നും പാര്‍ട്ടി അന്വേഷണം നടക്കുന്നെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണത്തെക്കുറിച്ച് പാര്‍ട്ടി തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അഥവാ അന്വേഷണം ഉണ്ടെങ്കില്‍ ഉത്തമമായ കമ്യൂണിസ്റ്റ് ബോധ്യങ്ങളോടെ അതിനെ നേരിടുമെന്നും ശശി പറഞ്ഞു.

പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുകയെന്ന് രാജേന്ദ്രന്‍ ചോദിച്ചു.
ശശിക്കെതിരെ ഡിവൈഎഫ് നേതാവ് പരാതി നല്‍കിയതായി അറിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. പരാതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സ്വരാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7