‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’… കേന്ദ്രസര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നു തൂത്തുക്കുടിയിലേക്കുള്ള വിമാനത്തിലാണു സംഭവം.

വിമാനത്തില്‍ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി. ഇതിനെച്ചൊല്ലി തമിഴിസൈയും സോഫിയയും വിമാനത്തിനകത്ത് ചൂടേറിയ വാഗ്വാദം നടന്നു. വിമാനത്തില്‍ നിന്നിറങ്ങി തമിഴിസൈ പോകാനൊരുങ്ങുന്നതിനിടെ, ‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’യെന്നു സോഫിയ മുദ്രാവാക്യം മുഴക്കി. പ്രകോപിതയായ തമിഴിസൈ പൊലീസിനു പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തില്‍ തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സോഫിയയുമായി കൊമ്ബു കോര്‍ത്തു. മാപ്പു പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല.

ഇതിനിടെ, മകളെ അപമാനിച്ചുവെന്നു കാണിച്ച് സോഫിയയുടെ പിതാവ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സോഫിയയ്ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴിസൈ പരാതിയില്‍ ആരോപിച്ചു. സോഫിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തു അവര്‍ക്കെതിരെ കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7