ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ മത്സരിക്കുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായാണു സൂചന. ബിഹാറിലെ ബേഗുസാരായില്‍ നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുക.
സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ കുമാര്‍ മത്സരിക്കുന്നത്. എങ്കിലും മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും കനയ്യ കുമാറിനെ പിന്തുണയ്ക്കും. ബെഗുസാരായി ജില്ലയിലെ ബിഹാത്ത് പഞ്ചായത്താണ് കനയ്യ കുമാറിന്റെ സ്വഭവനം. ബിജെപിയുടെ ബൊഹഌ സിങാണ് നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ലാണ് ബിജെപി ആദ്യമായി ഈ സിറ്റില്‍നിന്ന് വിജയിക്കുന്നത്
കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുമെന്നാണു സിപിഐ കരുതുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയില്‍ എത്തിയെന്നും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു പോലും കനയ്യകുമാര്‍ മത്സരിക്കുന്നതിനോടു താത്പര്യമുണ്ടെന്നും സത്യനാരായണ്‍ സിംഗ് പറഞ്ഞു.