തിരുവനന്തപുരം : കേരളത്തെ തകര്‍ത്ത പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ പൊതുവില്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കെതിരെ നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു.
കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്കിയിരുന്നെങ്കില് എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞുദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് താരനിശ നടത്തി പണം കണ്ടെത്തണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ചുലക്ഷം രൂപ സംഭാവന നല്കി.
അതേസമയം, തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തി. സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ എണ്‍പത്തിലെ സൂപ്പര്‍ നായികമാരായ ലിസി, സുഹാസിനി, ഖുശ്ബു എന്നിവര്‍ അടങ്ങുന്ന സംഘം 40 ലക്ഷം രൂപയാണ് കൈമാറിയത്.
സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ വ്യക്തിപരമായ സഹായങ്ങള്‍ നേരത്തെ നല്‍കിയിരുന്നു അതിനു പുറമെയാണിത്.