തൊടുപുഴ: മണ്ണിടിച്ചിടിലിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല.
അതേസമയം മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ തകരാറിലായി. ഇടുക്കി പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങള്‍ക്കും ഇന്ധനത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയിലേക്കുള്ള ഭാരമേറിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2402.3 അടിയാണ്. മുല്ലപ്പെരിയാര്‍ മേഖലയിലും മഴയുടെ നേരിയ കുറവുണ്ട്. ജലനിരപ്പ് 141 അടിയാണ്. ചെറുതോണി അണക്കെട്ടില്‍നിന്നു തല്‍ക്കാലത്തേക്ക് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. റോഡുകളെല്ലാം അപകടത്തിലായതിനാല്‍ ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണ്. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.