രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണി; തൃശൂരില്‍ പൂജാരി അറസ്റ്റില്‍

തൃശൂര്‍: രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഭവത്തില്‍ തൃശൂരില്‍ പൂജാരി അറസ്റ്റില്‍. തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഫോണ്‍സന്ദേശം വന്നത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി.

തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണു താന്‍ ഫോണ്‍വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. നാളെ രാവിലെ സെന്റ് തോമസ് കോളെജില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാല്‍ എന്തിനാണ് ഇയാള്‍ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെയാണു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7