കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇത്തവണയും ഹജ്ജ് യാത്രയുണ്ടാവില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഈ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്‌സഭയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കു നല്‍കിയ മറുപടിയില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍നിന്ന് നെടുമ്പാശേരിയിലേക്കു മാറ്റിയത്. പതിനെട്ടു മാസത്തിനുള്ളില്‍ റണ്‍വേയുടെ തകരാര്‍ പരിഹരിച്ചെങ്കിലും എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിയില്‍നിന്നു കോഴിക്കോട്ടേക്കു മാറ്റണമോയെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കരിപ്പൂര്‍ വഴി ഹജ് സര്‍വീസ് നടത്തണമെന്നത് മലബാര്‍ മേഖലയിലെ ഭൂരിഭാഗം ഹാജിമാരുടെയും ആവശ്യമാണ്. സ്ഥിരം ഹജ് ഹൗസ് അടക്കമുള്ള സൗകര്യങ്ങളെല്ലാം കരിപ്പൂരിലുണ്ട്. സംസ്ഥാനത്തുനിന്നുള്ള ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എം.കെ. രാഘവന്‍ എംപി ഈ മാസം 24 മണിക്കൂര്‍ ഉപവാസം സമരം നടത്തുകയും ചെയ്തു. കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാന്‍ നിഗൂഢ ശക്തികള്‍ ശ്രമിക്കുന്നതായും എംപി ആരോപിച്ചിരുന്നു.
കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ് എന്നിവര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്. കുള്ളറുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഹജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഈ മാസം 31നുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് ഡിജിസിഎ ഉറപ്പു നല്‍കിയിരിക്കുന്നത്.