കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും അറിഞ്ഞില്ല. ഒടുവില്‍ സത്യം എന്തെന്ന് അറിയിച്ച് നടി അനുമോള്‍ രംഗത്തെത്തി. മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു അവ. ഈ മേക്കോവറിന് പിന്നില്‍ ആര്‍ക്കും അറിയാത്ത വേദനയുടെ കഥകൂടി ഉണ്ടെന്നാണ് നടി പങ്കുവെച്ചത്.
അനുമോളിന്റെ വാക്കുകള്‍:
‘ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനില്‍ ആയിരുന്നു മരം പെയ്യുമ്പോള്‍ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൂര ബലാല്‍സംഗത്തിന് ഇരയായ മായാശങ്കര്‍ എന്ന നഴ്സിന്റെ കഥയാണ് മരം പെയ്യുമ്പോള്‍ എന്ന ചിത്രം. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. അനുമോളാണ് മായാശങ്കറിന്റെ വേഷം ചെയ്യുന്നത്. ബലാല്‍സംഗത്തിന് ഇരയായ നഴ്സ് ദയാവധത്തിന് അപേക്ഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനീത്, ഐശ്വര്യ നമ്പ്യാര്‍, സോന നായര്‍, മുകേഷ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.