ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു!!! മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അഖിലേന്ത്യാ തലത്തില്‍ മഴയുടെ കുറവ് മൂന്നു ശതമാനം മാത്രമാണ്.

മധ്യപ്രദേശിന് മീതേയുള്ള ന്യൂനമര്‍ദ ഫലമായി ഉത്തരേന്ത്യ മുഴുവന്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങള്‍ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളില്‍ തട്ടി ഘനീഭവിച്ചാണ് മേഘങ്ങള്‍ പെയ്തിറങ്ങുന്നത്.

ഈ ന്യൂനമര്‍ദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീര്‍ണമാക്കും. മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളില്‍ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടര്‍ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7