കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് നാല് നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ ആന്റണി സമിതിയില്‍ തുടരും. ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും പുതുതായി ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാവെന്ന് നിലയില്‍ പി.സി ചക്കോയും സമിതിയില്‍ ഇടം നേടി.

പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള 23 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് മൂന്നു പേര്‍. എ.കെ ആന്റണിയെ കൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരെന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും സമിതിയില്‍ അംഗങ്ങളാകുന്നത് . ദില്ലി ഘടകത്തിന്റെ ചുമതലക്കാരനെന്ന നിലയില്‍ പി.സി ചാക്കോ സ്ഥിരം ക്ഷണിതാവ് കൂടിയായതോടെ കേരളത്തിന് മികച്ച പ്രാതിനിധ്യം . 8 പേരാണ് സ്ഥിരം ക്ഷണിതാക്കള്‍. 13 പ്രത്യേക ക്ഷണിതാക്കളും . അങ്ങനെ 51 അംഗ പ്രവര്‍ത്തക സമിതി .
വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയില്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. കര്‍ണാടകത്തില്‍ നിന്നും സിദ്ദരാമയ്യയും പട്ടികയിലുണ്ട്.

സി.പി.ജോഷി, ജനാര്‍ദ്ദനന്‍ ദ്വിവേദി എന്നിവരെ ഒഴിവാക്കി. യുവാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യ പരിഗണന നല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്‍കുന്ന പ്രവര്‍ത്തക സമിതിയാണിത്. ജൂലൈ 22 നാകും പ്രവര്‍ത്തക സമിതിയുടെ യോഗം.

കേരളത്തിലെ സംഘടനാ ബലാബലത്തില്‍ മാറ്റം വരുത്താവുന്നതാണ് പുതിയ പ്രവര്‍ത്തക സമിതി. ഉന്നത സമിതിയില്‍ എ.കെ ആന്റണി മാത്രമായിരുന്നെങ്കില്‍ അവിടേയക്ക് ഉമ്മന്‍ ചാണ്ടി കൂടി എത്തുന്നു. സമിതിയില്‍ എത്തുന്നതോടെ സംഘടനാ രംഗത്ത് ഉമ്മന്‍ ചാണ്ടി കൂടുതല്‍ കരുത്തനാവുകയാണ് . സമിതിയില്‍ ഉമ്മന്‍ ചാണ്ടി എത്തണമെന്നത് വളരെക്കാലമായി എ ഗ്രൂപ്പ് ആശിക്കുന്നതാണ് . നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെ ചൊല്ലി ദേശീയ നേതൃത്വവുമായി ഉടക്കിയിടത്തുന്ന നിന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിന്റെ ഇഷ്ടക്കാരുടെ പട്ടികയിലേയ്ക്ക് മാറുന്നത് . വിശാല ഐ ചേരിയിലായിരുന്ന കെ.സി വേണുഗോപാലിന്റെ വരവും ആ ചേരിയില്‍ ചലനങ്ങളുണ്ടാക്കാന്‍ പോന്നതാണ് .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7