കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ നല്കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. അടുത്ത മാസം ഒന്നാം തിയ്യതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഇതിനിടയില്‍ വിചാരണ വേഗത്തിലാക്കണമെന്നും വനിത ജഡ്ജി വേണമെന്നുമുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ പ്രതിയായ അഭിഭാഷകന് രാജു ജോസഫിന്റെ വിടുതല്‍ ഹര്‍ജിയിലും ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
പ്രതിയായ പള്‍സര്‍ സുനിക്ക് നിയമസഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
സ്വകാര്യത മാനിക്കപ്പെടാന്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് നേരത്തെ ആക്രമിക്കപ്പെട്ട നടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യം ഉന്നയിച്ചെങ്കിലും സെഷന്‍സ് കോടതിയില്‍ വനിത ജഡ്ജിമാരില്ലാത്തതിനാല്‍ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയിലേക്ക് നടി നീങ്ങിയത്.