കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സുഡുമോനോട് ഇത് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. പൊറോട്ടയും ബീഫും. കേരളത്തില്‍ നിന്ന് കഴിച്ച പൊറോട്ടയുടേയും ബീഫിന്റേയും സ്വാദ് ഇതുവരെ സാമുവല്‍ അബിയോള റോബിന്‍സണ്ണിന്റെ നാക്കില്‍ നിന്ന് പോയിട്ടില്ല. നാട്ടില്‍ ചെന്നിട്ടും സുഡുമോന് കേരളത്തെ വല്ലാതെ മിസ് ചെയ്യാനും കാരണവും ഈ രുചിയായിരുന്നു. ഇപ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രത്തിനായി കേരളത്തിലേക്ക് വീണ്ടും എത്തുകയാണ്. കേരളത്തിലേക്കുള്ള യാത്രയിലും സുഡുമോന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് പൊറോട്ടയും ബീഫുമാണ്.
വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയല്ലേ എന്നാണ് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള സാമുവല്‍ റോബിന്‍സണ്ണിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് കേരളത്തിലേക്ക് വരുന്ന വിവരം സാമുവല്‍ ആരാധകരെ അറിയിച്ചത്. കോച്ചിയിലേക്ക് വരികയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്ന് പോരുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു തിരിച്ചുവരുമെന്ന്. വീട്ടിലേക്ക് മടങ്ങിവരികയാണ്! എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയാണെന്ന് ഉറപ്പുവരുത്തൂ, എന്നാണ് ട്വീറ്റില്‍ പറയുന്നത്.
സുഡാനി ഹിറ്റായതോടെയാണ് സുഡുമോന് കേരളത്തില്‍ താരമായത്. അതിനിടെ പ്രതിഫല വിവാദമൊക്കെയുണ്ടായി ചെറിയ മുഷിച്ചിലുണ്ടായെങ്കിലും കേരളത്തോടുള്ള സ്നേഹത്തില്‍ കുറവൊന്നുമുണ്ടായില്ല. മാത്രമല്ല ഇടയ്ക്കിടയ്ക്ക് കേരളത്തേക്കുറിച്ചും ബീഫിനെക്കുറിച്ചും പറയാനും മറക്കാറില്ല. നൈജീരിയയില്‍ നിന്ന് പാറോട്ട കിട്ടിയെന്ന് പറഞ്ഞ് താരം പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ അപ്പോഴും ബീഫ് കിട്ടാത്ത ദുഖവും പങ്കുവെച്ചിരുന്നു.
പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് സുഡു വീണ്ടും കേരളത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സാമുവല്‍ എത്തുന്നത്.