ന്യൂഡല്‍ഹി: ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനങ്ങളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായതായി സൂചന. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലീഗ് കടുത്ത നിലപാടെടുത്തതാണ് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ സീറ്റ് വിട്ടുനല്‍കേണ്ടതില്ലെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ രാവിലെ നടന്ന കൂടിക്കാഴ്ചയിലുണ്ടായ ധാരണ. ഉച്ചയ്ക്കു ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയത്. രാജ്യസഭാ സീറ്റ് വേണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചുനിന്നു. കു്ഞ്ഞാലിക്കുട്ടിയും ഇതേ നിലപാടു സ്വീകരിച്ചതോടെ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായെന്നാണ് സൂചന. യുഡിഎഫിന്റെ താത്പര്യം സംരക്ഷിക്കണമെന്നും പരമാവധി കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന വിശാല യുഡിഎഫാണ് ഇപ്പോഴത്തെ ആവശ്യമെന്നും ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു.
വൈകിട്ട് രാഹുല്‍ ഗാ്ന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കുന്നതിന് അനുമതി തേടിയേക്കും. ഹൈക്കമാന്‍ഡ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.