‘തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കും’; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണക്കേസില്‍ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച ശശിതരൂര്‍ എംപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം അംഗീകരിച്ച കോടതി അടുത്ത മാസം ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

കേസില്‍ സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് സമന്‍സ് അയക്കാന്‍ ഡല്‍ഹി അഡീഷണല്‍ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിന് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വ്യാപക ശ്രമം നടന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു.

3,000 പേജുള്ള ചാര്‍ജ് ഷീറ്റാണ് ശശിതരൂരിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. സുനന്ദ പുഷ്‌കറിന്റെ ഇമെയിലും മറ്റു സന്ദേശങ്ങളും മരണമൊഴിയായി കണക്കാക്കുന്നുതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ ഭാര്യ സുനന്ദയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതായും ചാര്‍ജ്ഷീറ്റ് ആരോപിക്കുന്നു. എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല, ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മരണത്തിനായാണ്.’ എന്നാണ് മരിക്കുന്നതിന് ഒന്‍പത് ദിവസം മുന്‍പ് സുനന്ദ മെയില്‍ ചെയ്തതെന്ന് ചാര്‍ജ് ഷീറ്റില്‍ പറയുന്നു.കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7