കൊച്ചി: മൂന്നു ദിവസം പ്രായമായ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദമ്പതികളെ പോലീസ് കണ്ടെത്തി. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടില്ല.
മൂന്നു കുട്ടികള്‍ക്കു പിന്നാലെയാണ് കഴിഞ്ഞ ദിവസം നാലാമതൊരു കുട്ടി കൂടി ഉണ്ടായത്. തുടരെ തുടരെ നാലു കുട്ടികള്‍ ഉണ്ടായതില്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടും കാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ അറസ്റ്റു ചെയ്തത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്.
ഇതേതുടര്‍ന്ന് പോലീസ് സംഘം തൃശ്ശൂരിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊച്ചിയിലെ എളമക്കര സെന്റ് ജോറജ് പള്ളിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളി അധികൃതര്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദമ്പതികള്‍ക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.
ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ ശെകപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കുന്നതിനു മുമ്പ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.