നിപ്പ വൈറസ് ബാധയ്ക്ക് കാരണക്കാര്‍ വവ്വാലുകള്‍ തന്നെ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ.

കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകര്‍. ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധ ഉണ്ടായ ഉടനെ തന്നെ വവ്വാലുകളാണ് ഇതിന് കാരണമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദേശത്തെ വവ്വാലുകളില്‍ നിപ്പാ വൈറസ് കണ്ടെത്താനാകാഞ്ഞതിനെ തുടര്‍ന്നാണ് വവ്വാലുകളല്ല ഇതിനു പിന്നിലെന്ന പ്രഖ്യാപനങ്ങള്‍ വന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന കണ്ടെത്താലാണ് ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നത്.

അതിനിടെ നിപ്പ വൈറസ് ബാധിച്ചെന്നു സംശയമുള്ള സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളത്തില്‍നിന്ന് എത്തിയ സീനു പ്രസാദെന്ന സൈനികനാണു മരിച്ചത്. ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന സീനുവിനെ ഏപ്രില്‍ 20 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച മരിച്ച സീനുവിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ സംസ്‌കരിക്കുകയും ചെയ്തു. ഇയാള്‍ മലയാളിയാണോ എന്നതു വ്യക്തമല്ല.

സീനുവിന്റെ രക്തത്തിന്റെയും സ്രവത്തിന്റെയും സാംപിള്‍ പുണെയിലെ വൈറോളജി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതിനിടെ, കര്‍ണാടകയും നിപ്പ വൈറസ് ഭീതിയിലാണ്. നിപ്പ സംശയിക്കുന്ന മൂന്നു കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഒരെണ്ണം തിങ്കളാഴ്ചയും രണ്ടെണ്ണം ചൊവ്വാഴ്ചയുമാണ് റിപ്പോര്‍ട്ടു ചെയ്തത്. കേരളത്തിലെത്തി മടങ്ങിയവരെ, പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സ്രവ സാംപിള്‍ മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7