ന്യൂഡല്‍ഹി : ഭൂരിപക്ഷം പുരസ്‌കാര ജേതാക്കളും വിട്ടുനിന്ന നിറം കെട്ട ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 68 പേരാണ് ചടങ്ങു ബഹിഷ്‌കരിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് എഴുപതു പുരസ്‌കാര ജേതാക്കള്‍ ഒപ്പുവച്ച കത്ത് കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു. എന്നാല്‍ ഇതിനോടു പ്രതികരിക്കാതെ മുന്‍ നിശ്ചയ പ്രകാരം പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു കേന്ദ്രം.
മലയാളത്തില്‍നിന്ന് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ ഇരുവരും ഒപ്പുവച്ചിരുന്നെങ്കിലും പിന്നീട് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിവേദനത്തിന് പ്രതികരണമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ നടന്‍ ഫഹദ് ഫാസില്‍ ചടങ്ങു തുടങ്ങിയ ഉടന്‍ നാട്ടിലേക്കു മടങ്ങി. വിട്ടുനിന്നവര്‍ ചടങ്ങു നടക്കുമ്പോള്‍ അശോക ഹോട്ടലില്‍ തന്നെ തുടര്‍ന്നു. ഏതാനും പേര്‍ വിജ്ഞാന്‍ ഭവനു മുന്നിലെത്തി പ്രതിഷേധം അറിയിച്ചു. വിട്ടുനിന്നവരുടെ കസേരകള്‍ എടുത്തുമാറ്റിയതിനു ശേഷമാണ് ചടങ്ങ് നടത്തിയത്.
രാഷ്ട്രപതി 11 പേര്‍ക്ക് മാത്രം അവാര്‍ഡ് സമ്മാനിക്കുമെന്നും, ശേഷിക്കുന്നവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പുമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്ന കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഭരണഘടനാ പരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി കുറച്ച് സമയം മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ഇതുസംബന്ധിച്ച പുതിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് നിലവില്‍ വന്നതെന്നുമാണ് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വിശദീകരിച്ചത്.