തീയറ്ററില്‍ എത്തും മുന്‍പ് കച്ചവടം പൊടിപൊടിക്കുന്നു; രജനീകാന്തിന്റെ കാല’യുടെ സാറ്റ്‌ലൈറ്റ്‌ അവകാശം വിറ്റത് പൊന്നും വിലയ്ക്ക്

ചെന്നൈ: രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയുടെ സാറ്റലൈറ്റ് അവകാശം വിറ്റു. സ്റ്റാര്‍ നെറ്റ്വര്‍ക്ക് 75 കോടിക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം ലഭിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് കാലയ്ക്ക് ഉളളത്.

ശങ്കര്‍ ചിത്രം 2.0 യ്ക്ക് 110 കോടിയാണ് സീ നെറ്റ്വര്‍ക്ക് സാറ്റലൈറ്റ് അവകാശമായി നല്‍കിയത്. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷം പാ രഞ്ജിത്തും സ്‌റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രമാണ് കാല. പാ രഞ്ജിത്തിനൊപ്പം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ചേരിയില്‍ നിന്ന് വളര്‍ന്നുവന്ന അധോലോക നേതാവായാണ് കാലയില്‍ രജനി എത്തുന്നതെന്നാണ് വിവരം. മുംബൈയിലെ അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഹാജി മസ്താന്റെ ദത്തുപുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയല്ല സിനിമയെന്ന് അവര്‍ വിശദീകരണം നല്‍കി.

ജൂണ്‍ 7 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയത്. അതേസമയം മെയ് 9 ന് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുമെന്ന് നിര്‍മ്മാതാവായ ധനുഷിന്റെ ട്വിറ്ററില്‍ പേജിലൂടെ അവര്‍ അറിയിച്ചിരുന്നു. രജനിയുടെ ആരാധകര്‍ വന്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7