ഇസ്‌ലാമാബാദ്: ആരു തന്നെ പ്രതീക്ഷിക്കാത്ത, ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ, ഉത്തര- ദക്ഷിണ കൊറിയ ഒത്തുചേരല്‍ മാത്രൃകയാക്കി ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്ന് പാക്ക് മാധ്യമങ്ങള്‍. ഇരു കൊറിയന്‍ ഭരണാധികാരികളും ഒന്നിച്ച ചരിത്രമായ മുഹൂര്‍ത്തത്തിനാണു വെള്ളിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. അതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്നാണു പാക്ക് മാധ്യമങ്ങളുടെ നിലപാട്. കൊറിയന്‍ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ആവശ്യം. കൊറിയന്‍ ഭരണാധികാരികളെ അനുകരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇരുരാജ്യങ്ങളില്‍ എഴുപതിലധികം വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും എന്നാണു പക്വത കാണിക്കുകയെന്നു ലേഖനത്തില്‍ ചോദിക്കുന്നു. ദേശീയ, പ്രാദേശിക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണം. സമാധാന ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സമയമാണിത്. തീര്‍ച്ചയായും ഇപ്പോള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
ഡെയ്‌ലി ടൈംസിനു പുറമെ ഔദ്യോഗിക മാധ്യമമായ ഡോണിലും സമാനമായ ആവശ്യമാണ് ഉന്നയിക്കപ്പെടുന്നത്. കൊറിയന്‍ പ്രശ്‌നത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം മേഖലയിലെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.
1999ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ലഹോറിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മപ്പെടുത്തലാണു കൊറിയന്‍ സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍ കൂടി സമാധാനത്തിന്റെയും സുഹൃദ്ബന്ധത്തിന്റെയും പാതയിലെത്തേണ്ട സമയം ആഗതമായിരിക്കുന്നുവെന്നും ലേഖനം പറയുന്നു.