കോഴിക്കോട്: ഡി.സി കോമിക്സിന്റെ ഫാന്‍സി ചിത്രത്തിലെ ധീര വനിതാ കഥാപാത്രം വണ്ടര്‍വുമണായി മലയാളത്തിന്റെ സ്വന്തം കുളപ്പുള്ളി ലീല!. വണ്ടര്‍ വുമണ്‍ ട്രൈലറില്‍ കുളപ്പുള്ളി ലീലയുടെ സിനിമയിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബൊളീവിയ റീമിക്സ് എന്ന പേജാണ് വീഡിയോ പുറത്തിറക്കിയത്.
മാര്‍വലിലെ ഡയാന എന്ന കഥാപാത്രമായിട്ടാണ് കുളപ്പുള്ളി ലീല ട്രൈലറിലെത്തുന്നത്. ധീരയായ ഡയാനയുടെ ശബ്ദത്തിനൊപ്പം കുളപ്പുള്ളി ലീലയുടെ വിവിധ ചിത്രങ്ങളിലെ സീനുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആമേന്‍, പുലിവാല്‍ കല്ല്യാണം തുടങ്ങിയ ചിത്രങ്ങളിലെ തമാശ രംഗങ്ങളാണ് ‘കലിപ്പ്’ മോഡില്‍ ട്രൈലറില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഡി.സി കോമിക്സിനെ അടിസ്ഥാനമാക്കി വന്‍ബജറ്റില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു വണ്ടര്‍ വുമണ്‍. ആയിരം കോടി മുതല്‍ മുടക്കിലാണ് ഹോളിവുഡ് സുന്ദരി ഗാല്‍ ഗഡോറ്റിനെ നായികയാക്കി വണ്ടര്‍വുമണ്‍ എത്തിയത്. നേരത്തെ ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍ എന്ന സിനിമയിലും ഗസ്റ്റ് റോളില്‍ വണ്ടര്‍വുമണ്‍ എത്തിയിരുന്നു. പാറ്റി ജന്‍കിന്‍സാണ് സംവിധാനം. 412 മില്ല്യണ്‍ ഡോളറാണ് ചിത്രം യു.എസില്‍ മാത്രം കളക്ട് ചെയ്തത്. 1230 കോടിയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നായി കളക്ട് ചെയ്തത്.