ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.
‘ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തെ പ്രശ്നമാക്കേണ്ടതില്ല.’
കേന്ദ്ര തൊഴില്‍ മന്ത്രിയാണ് സന്തോഷ് ഗംഗ്വാര്‍. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ കഠ്വ ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടവര്ക്കായി കാശ്മീര്‍ മന്ത്രസഭയിലെ ബി.ജെ.പി മന്ത്രിമാര്‍ റാലി നടത്തിയിരുന്നു.
അതേസമയം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമമാകും.
പുതിയ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം.