‘പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ’ പെരുമാള്‍ മുരുകന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നു

വിവാദങ്ങള്‍ക്കൊടുവില്‍ ഇനി എഴുതില്ലെന്ന് പ്രഖ്യാപിച്ച തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നു. ‘മാതൊരു ഭാഗന്‍’ എന്ന നോവല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ‘പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ’ എന്ന നോവലിലൂടെയാണ് മുരുകന്റെ തിരിച്ചുവരവ്.

പൂനാച്ചി എന്ന ആടിനെ മുഖ്യകഥാപാത്രമാക്കിക്കൊണ്ട് സമൂഹത്തിലെ അസമത്വങ്ങളേയും അലിഖിത വ്യവസ്ഥിതികളേയും എഴുത്തിലൂടെ ചോദ്യം ചെയ്യുകയാണ് മുരുകന്‍. ഇരയാക്കപ്പെടുന്നവന്റെ നിസഹായതകളെയും അതിജീവനത്തിനായുള്ള ശ്രമങ്ങളേയും പ്രമേയമാക്കുന്ന നോവല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുമെന്നുറപ്പാണ്.

മാതൊരു ഭാഗനെതിരേ 2015ല്‍ തമിഴ്‌നാട്ടിലെ തിരുച്ചെങ്കോട് എന്ന ഗ്രാമത്തിലെ മത, ജാതി സംഘടനകള്‍ വധഭീഷണിയുമായി രംഗത്തുവന്നതോടെയാണ് പെരുമാള്‍ മുരുകന്‍ എഴുത്തിന്റെ ലോകത്തുനിന്നും വിടപറഞ്ഞത്. തന്റെ പുസ്തകത്തിന്റെ ശേഷിക്കുന്ന പ്രതികള്‍ കത്തിച്ചുകളയാനും അന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി ഒരു എഴുത്തുകാരനെന്ന നിലയില്‍ തനിക്കു ജീവിതമില്ലെന്നും തന്നിലെ എഴുത്തുകാരന്‍ മരിച്ചതായി കരുതണമെന്നും പറഞ്ഞ മുരുകന്‍ സ്വന്തം ദേശത്തു നിന്ന് പലായനം ചെയ്തു. എന്നാല്‍ 2016 ജൂണില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് മുരുകന്റെ എഴുത്തിന് പുനര്‍ജന്മം നല്‍കിയത്. ആഗ്രഹിക്കുന്നവര്‍ക്ക് വായിക്കാം, അല്ലാത്തവര്‍ക്ക് അതൊഴിവാക്കാം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിക്കാതിരിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് പെരുമാള്‍ മുരുകന്‍ തന്റെ വായനക്കാരെ നിരാശപ്പെടുത്തിയ മുന്‍തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. ”ഇനി ആടുകളെക്കുറിച്ചു സംസാരിക്കാം.

ആടുകളാകുമ്പോള്‍ എല്ലാത്തരം കെട്ടുപാടുകളില്‍നിന്നും സ്വതന്ത്രരാണല്ലോ, അസംഘടിതരും. അതുകൊണ്ട് നമുക്കു പശുവിനെയും പന്നിയെയും സംസാരത്തില്‍നിന്നൊഴിവാക്കാം. ദൈവങ്ങളെക്കുറിച്ചും മിണ്ടാതിരിക്കാം. എന്തിന്, മനുഷ്യനെക്കുറിച്ചു പോലും ഒരക്ഷരം ഉരിയാടാതിരിക്കാം. കെട്ടകാലത്തിന്റെ ഗതികേടാണ് ഈ വാക്കുകള്‍.” മുരുകന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7