ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രിംകോടതി നടപടിയില്‍ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ജസ്റ്റിസ് ലോയയെ ഇന്ത്യ മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
”പ്രതീക്ഷ ബാക്കിയില്ല, എല്ലാം നിയന്ത്രിക്കപ്പെടുന്നു”- ലോയയുടെ കുടുംബം പറഞ്ഞതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാല്‍ അവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷയുണ്ട്. കാരണം, കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സത്യം കാണാം. ജസ്റ്റിസ് ലോയയെ മറന്നുപോവാന്‍ ഇന്ത്യ അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലായെന്നും അന്വേഷിക്കണമെന്നു പറയുന്നതില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു കോടതി വിധി. ഹരജിക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.