യുഎസ് വ്യോമാക്രമണം; റഷ്യയ്ക്ക് തിരിച്ചടി

യുഎന്‍ഒ: സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് തിരിച്ചടി. സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്. സിറിയയിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്.

സിറിയയില്‍ അധിനിവേശം നടത്താനുളള ശ്രമമാണ് യുഎസിന്റേതെന്നും ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. സിറിയയില്‍ രാസായുധപ്രയോഗം നടന്നതിന് തെളിവില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞിരുന്നു. സിറിയയ്ക്കുമേലുളള കടന്നുകയറ്റം അടിയന്തരമായി തടയുക, ഭാവിയിലും അമേരിക്കന്‍ നടപടികള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റഷ്യയുടെ നീക്കം. എന്നാല്‍ സിറിയയില്‍ ബഷാര്‍ അല്‍അസദ് രാസായുധംപ്രയോഗിച്ചതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രക്ഷാസമിതിയെ അറിയിച്ചു. ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കി.

കുവൈറ്റ് അടക്കം എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ നാലുരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറൈസും വ്യോമാക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിറിയന്‍ ജനതയെ ദുരിതത്തിലാക്കുന്ന യാതൊരു നടപടിയും ഒരു അംഗരാജ്യവും ചെയ്യരുതെന്ന് ഗുട്ടറൈസ് പറഞ്ഞിരുന്നു. സിറിയയില്‍ രാസായുധപ്രയോഗം നടന്നെങ്കില്‍ അത് രാജ്യാന്തര ലംഘനമാണെന്നും എന്നാല്‍ സൈനിക നടപടി അതിനൊരു പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7