ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്.
അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്’, ദ ബേണിങ് ട്രെയിന്‍, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലെ ഒരു മുന്‍നിര നായകനായിരുന്നു ഖന്ന.
1968ല്‍ പുറത്തിറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത സുനില്‍ ദത്തിന്റെ മന്‍ ക മീത്തില്‍ വില്ലനായിട്ടായിരുന്നു വിനോദ് ഖന്നയുടെ അരങ്ങേറ്റം. പിന്നീട് ഏറെക്കാലം വില്ലനും സഹനടനുമായി തിളങ്ങിനിന്ന വിനോദ് ഖന്നയ്ക്ക് ബ്രേക്കായത് 197ല്‍ പുറത്തിറങ്ങിയ ഹം തും ഔര്‍ വോ ആയിരുന്നു. പിന്നീട് ഗുല്‍സാറിന്റെ മേരെ അപ്‌നെ ആജാനക്, ഫരെബി, സലിം, ദി ബേണിങ് ട്രെയിന്‍, ഖുര്‍ബാനി എന്നിവയിലും മികവുറ്റ വേഷങ്ങള്‍ ചെയ്തു. അക്കാലത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായരുന്നു വിനോദ് ഖന്ന.
1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിനോദ് ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ജയിച്ച് ലോക്‌സഭാംഗമായി. 1999ലും ജയം ആവര്‍ത്തിച്ച ഖന്ന കേന്ദ്രമന്ത്രിയുമായി. വിദേശകാര്യം, സാംസ്‌കാരിക, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പല്‍ പരാജയപ്പെട്ടു. 2014ല്‍ ഗുരുദാസ്പുരില്‍ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ആദ്യ ഭാര്യ. ബോളിവുഡ് നടന്‍മാരായ രാഹുല്‍ ഖന്നയും അക്ഷയ് ഖന്നയും ഇരുവരുടെയും മക്കളാണ്. 1985 ല്‍ ഗീതാഞ്ജലിയുമായി വേര്‍പിരിയുകയും 1990 ല്‍ കവിതയെ വിവാഹം ചെയ്യുകയും ചെയ്തു. സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവരാണ് ഈ ബന്ധത്തില്‍ ജനിച്ച കുട്ടികള്‍.