കൊച്ചി: ഒമല്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വൈറലായ പ്രിയ വാര്യര്‍ ഇപ്പോള്‍ പോലീസിലാണ്. വഡോദര പോലീസാണ് പ്രിയ വാര്യരെ ‘കസ്റ്റഡിയില്‍’ എടുത്തിരിക്കുന്നത്. പോലീസിന്റെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലാണ് പ്രിയ വാര്യര്‍ക്ക് പോലീസ് അനുവദിച്ചിരിക്കുന്ന ‘സ്ഥാനം’. താരത്തിന്റെ ‘കണ്ണിറുക്കലും പുരികകൊടി’യുമാണ് വഡോദര പോലീസും ഉപകാരപ്രദമാക്കുന്നത്.
സുരക്ഷിത ഡ്രൈവിങ് ബോധവല്‍ക്കരണത്തിന് ട്രാഫിക് ഒരു സംസ്‌കാരമാണ് എന്ന വാചകത്തോടൊപ്പം പ്രിയ വാര്യരുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയാണ് വഡോദര പോലീസിന്റെ പുതിയ തന്ത്രം.വാഹനം ശ്രദ്ധ തെറ്റാതെ ഓടിക്കൂ, കണ്ണിറുക്കുന്ന സമയത്തിനുള്ളില്‍ അപകടം സംഭവിച്ചേക്കുമെന്നും പോലീസ് ക്യാംപയിനിലൂടെ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത ഡ്രൈവിങ് സന്ദേശങ്ങള്‍ യുവാക്കളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ പ്രിയയേക്കാള്‍ സമൂഹമാധ്യമ ശ്രദ്ധ കിട്ടിയ ആള്‍ വേറെയില്ലെന്നാണ് വഡോദര പോലീസിന്റെ വാദം.
യുവജനതയെ ആകര്‍ഷിക്കാന്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സജീവമാവുകയാണ്. മുംബൈ പോലീസും ബെംഗലൂരു പോലീസും ഇതേ പാത തന്നെ വളരെ നേരത്തേ ഉപയോഗിച്ചു തുടങ്ങിയിരുന്നു.റോഷനെയും വഡോദര പോലീസ് വെറുതെ വിട്ടിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ദേശീയ മാധ്യമത്തില്‍ കാംപെയ്‌നിനെ പറ്റി വന്ന വാര്‍ത്ത ഉപകാരപ്പെട്ടതില്‍ നന്ദി അറിയിച്ചു കൊണ്ട് ചെയ്ത ട്വീറ്റില്‍ റോഷനുമുണ്ട്.