തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ എന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയതോടെയാണ് വിശദീകരണം. വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചത്.