കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാരായ ജോണി വട്ടേക്കാടന്‍ കുത്തി കൊലപ്പെടുത്തിയത് നാളുകളായുള്ള വൈരാഗ്യം മൂലം. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമുടിയിലെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ജോണിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പു കപ്യാര്‍ ജോലിയില്‍ നിന്നു താത്കാലികമായി സസ്പെന്റു ചെയ്തിരുന്നു. വ്യാഴാഴ്ച ചര്‍ച്ചയ്ക്കായി എത്താന്‍ ജോണിയോടു ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതര്‍ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി ജോണി എത്തിയപ്പോള്‍ അരയില്‍ കത്തിയും തിരികിയിരുന്നുവെന്നാണറിയുന്നത്.
കുരിശുമുടിയില്‍ നിന്നു താഴേയ്ക്കിറങ്ങുന്നതിനിടെ ആറാം സ്ഥലത്തിനടുത്തായിരുന്നു സംഭവം. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തും മുമ്പു മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. പരേതനായ പൗലോസും ത്രേസ്യയുമാണു മാതാപിതാക്കള്‍. 1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു.