വിദ്യാര്‍ഥികള്‍ക്ക് ഇനി ആശ്വസിക്കാം; സിലബസ് പകുതിയായി കുറയ്ക്കുന്നു, പഠനഭാരം കുറയും

ന്യൂഡല്‍ഹി: 2019 അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു.
ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ കുട്ടികള്‍ക്ക് പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടത്താന്‍ സാധിക്കുവെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. അടുത്ത ബഡ്ജറ്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ പാസ്സാക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകള്‍ വര്‍ധിപ്പിക്കുവാന്‍ അവരെ കൂടുതല്‍ സ്വതന്ത്രരാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രത്യേക പുസ്തകം കൊണ്ടുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഇല്ലെങ്കില്‍ കുട്ടികളില്‍ ആരോഗ്യപരമായ മത്സരബുദ്ധിയും ലക്ഷ്യബോധവും പരീക്ഷകളില്‍ ഇല്ലാതാവും. കഴിവുള്ള നല്ല ഭാവിയെ വളര്‍ത്തിയെടുക്കാന്‍ മത്സരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള അധ്യാപകരില്ലാത്തതും കുട്ടികളിലെ അറിവ് കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.
പാഠപുസ്തകങ്ങളുടെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ബാഗുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. പാഠഭാഗങ്ങള്‍ ഉരുവിട്ട് പഠിക്കുന്നതോടൊപ്പം തന്നെ പുസ്തകങ്ങളുടെ വലിപ്പവും ബാഗുകളുടെ കനവും കുറയ്ക്കുവാനാകുമെന്ന് എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
പുതിയ പരിഷ്‌കാരത്തിലൂടെ പഠനഭാരം കുറയ്ക്കുവാനും നുള്ളി പഠിപ്പിക്കുന്ന രീതി ഒഴിവാക്കുവാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. അനുഭവവേദ്യമായ പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വലിയ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുവാനാകുമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേഷ് സേനാപതി പറഞ്ഞു.
പഠനഭാരം കുറയ്ക്കുന്നതിലൂടെ ഓരോവിദ്യാര്‍ത്ഥികളുടെയും നിലവാരം നിലനിര്‍ത്തുവാനും അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുപോലെ നിരീക്ഷിക്കുവാനും സാധിക്കും. ഇപ്പോള്‍ 5 മുതല്‍ 10 കിലോ വരെയുള്ള സ്‌കൂള്‍ ബാഗുകളാണ് 8-13 പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ചുമക്കുന്നത് ഇതിന് അറുതി വരുത്തുവാനും എന്‍സിആര്‍ടിയുടെ പരിഷ്‌കാരത്തിലൂടെ സാധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7