വിസ മാറ്റത്തില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്; വ്യക്തതവരുത്തി അധികൃതര്‍

അബുദാബി: യുഎഇയിലെ പ്രവാസികളുടെ വിസമാറ്റത്തിന്റെ കാര്യത്തില്‍ വ്യക്തതവരുത്തി അധികൃതര്‍. യുഎഇയില്‍ വിസമാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു സ്വദേശി വല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തുപുറത്തുനിന്ന് എത്തുന്നവര്‍ക്കാണ് സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ നിലവിലുള്ള വിസ റദ്ദാക്കിയാണ് പുതിയ തൊഴിലിലേക്ക് മാറുന്നതെങ്കിലും പാസ്പോര്‍ട്ടില്‍ പുതിയ വിസ പതിക്കാനുള്ള നടപടികള്‍ക്ക് രാജ്യത്തിനകത്തുള്ള തൊഴിലാളികള്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്നാണ് മന്ത്രാലയ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, പുതിയ തൊഴിലിലേക്ക് വിസ മാറ്റത്തോടെ മാറുന്നവര്‍ നിലവിലുള്ള വിസ റദ്ദാക്കിയതിന്റെ പകര്‍പ്പ് അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കണം. തൊഴില്‍ വിസ പുതുക്കുമ്പോഴും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. യുഎഇയില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ മാസം നാലുമുതലാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സ്വകാര്യ മേഖലയില്‍ മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പുതിയ വിസയില്‍ വരുന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയ അധികൃതര്‍ പറഞ്ഞു.
പുതുതായി രാജ്യത്തെ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ സ്വദേശങ്ങളില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്. വിദേശമന്ത്രാലായം മുഖേന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുകയും വേണം. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ ഏതെങ്കിലും ഒന്നിലാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കേണ്ടതെന്നും 2017 ലെ 8 / 1 നമ്പര്‍ പ്രകാരമുള്ള മന്ത്രിസഭാ വിജ്ഞാപനത്തിലുണ്ട്. ഹ്രസ്വകാല വിസയില്‍ വരുന്നവരും തൊഴില്‍ വിസയിലേക്ക് മാറുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സന്ദര്‍ശക, ടൂറിസ്റ്റു വിസകളില്‍ യുഎഇയിലേക്ക് വരാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ആശ്രിത വിസകളില്‍ യുഎഇയിലേക്ക് വരുന്ന കുടുംബങ്ങള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സ്വദേശിവല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയവുമാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റുകളുടെ ചുമതലയും നടപ്പില്‍ വരുത്താനുമുള്ള നടപടികളും സ്വീകരിക്കേണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7