മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ച് ബിസിനസുകാരനും ഐപിഎല്‍ ടീമായിരുന്നു പുണെ റൈസിംഗ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമയുമായിരുന്ന ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മയെ ഗാന്ധിയോട് താരതമ്യം ചെയ്തായിരുന്നു ഗോയങ്കയുടെ പരിഹാസം. ഗാന്ധി തന്റെ ഫിലോസഫി രൂപീകരിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നുവെന്നും അത് നടപ്പിലാക്കിയത് ഇന്ത്യയില്‍ മാത്രമായിരുന്നുവെന്നും, ഗാന്ധിജിയുടെ ഈ പാതയാണ് രോഹിത് പിന്തുടര്‍ന്നതെന്നുമായിരുന്നു ഗോയങ്കയുടെ പരിഹാസം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ഓപ്പണ്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറിയുടേയും സ്പിന്നര്‍ ചഹലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റേയും കരുത്തിലാണ് ഇന്ത്യ ജയിച്ചത്. നായകന് വിരാട് കൊഹ്ലിയും ധവാന് മികച്ച പിന്തുണ നല്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനം ഓപ്പണര്‍ രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം അത്ര നല്ല മികച്ചതായിരുന്നില്ല. പരമ്പരയ്ക്ക് മുമ്പുണ്ടായിരുന്ന ഫോമിന്റെ നിഴല്‍ പോലുമാകാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല.
ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക ബാറ്റ്സ്മാനായ ഹിറ്റ്മാന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. ടെസ്റ്റിലും രണ്ട് ഏകദിനത്തിലും ഒരുവട്ടം പോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചില്ല. ടെസ്റ്റ് പരമ്പരയില്‍ ആകെ സമ്പാദ്യം 78 റണ്‍സാണ്. ഡര്‍ബനിലെ ആദ്യ ഏകദിനത്തില്‍ 30 പന്തില്‍ നിന്നും രോഹിത് നേടിയത് 20 റണ്‍സായിരുന്നു.