ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതണം ആരംഭിച്ചു. ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് 11 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പാദനം ഇരട്ടിയാക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം.
കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി. കാര്‍ഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാന്‍ സംവിധാനം. വിവിധ മന്ത്രാലയങ്ങളെ യോജിപ്പിച്ചാകും പുതിയ സംവിധാനം. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഭക്ഷ്യസംസ്‌കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയാക്കി. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി വകയിരുത്തി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയെന്നും ജയ്റ്റ്ലി പറഞ്ഞു. ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി ഡിജിറ്റല്‍ ബോര്‍ഡുകള്‍ കൊണ്ടുവരും.
വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും. താങ്ങുവിലയിലെ നഷ്ടം സര്‍ക്കാര്‍ നികത്തും.
ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി. 10 കോടി കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കും. വര്‍ഷം 5 ലക്ഷം രൂപ ഒരു കുടുംബത്തിന് സഹായം. മത്സ്യമേഖലയ്ക്ക് 10,000 കോടി നല്‍കും.
നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീടു നിര്‍മിച്ചു നല്‍കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ഇതിനായി നാഷണല്‍ ലൈവ്‌ലി ഹുഡ് മിഷന് 5750 കോടി രൂപ വകയിരുത്തി. സ്വച്ഛഭാരത പദ്ധതി പ്രകാരം രാജ്യത്ത് ആറു കോടി കക്കൂസുകള്‍ നിര്‍മിച്ചു. അടുത്ത വര്‍ഷം രണ്ടു കോടി കക്കൂസുകള്‍ കൂടി നിര്‍മിക്കാനാണു പദ്ധതിയെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
ഡല്‍ഹിയില്‍ മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
പാവപ്പെട്ട 8 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. 4 കോടി വീടുകളില്‍ സൗജന്യ വൈദ്യുത കണക്ഷന്‍.
സ്വയം സഹായ സംഘങ്ങള്‍ക്ക് 75000 കോടി രൂപ വായ്പ. ഗ്രാമീണ ശുചിത്വ പദ്ധതിക്ക് 16,713 കോടി. മിടുക്കരായ ബിടെക് വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ പേരില്‍ ഫെല്ലോഷിപ്പ്
രാവിലെ പത്തു മണിയോടെയാണ് ധനമന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. ഇതിനു തൊട്ടുപിന്നാലെ ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റ് ഹാളില്‍ ആരംഭിച്ചു.നേരത്തെ, രാഷ്ട്രപതി ഭവനിലെത്തി റാംനാഥ് കോവിന്ദിനെ കണ്ട ശേഷമാണ് ജയ്റ്റ്ലി ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. നോട്ട് റദ്ദാക്കലിനു ശേഷമുള്ള രണ്ടാം ബജറ്റാണിത്. എന്നാല്‍, ആ പരിഷ്‌കാരത്തിന്റെ സ്വാധീനം നിര്‍ണയിച്ചു തുടര്‍നടപടികള്‍ പ്രഖ്യാപിക്കാനുള്ള സാവകാശം കഴിഞ്ഞ വര്‍ഷം ധനമന്ത്രിക്കു ലഭിച്ചിരുന്നില്ല. ബജറ്റ് അവതരണ സമയത്തും നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങളില്‍ ഉഴലുകയായിരുന്നു, രാജ്യം.