ഐസ്വാള്‍: കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം. മിസോറാമിലെ ഒരു പ്രാദേശിക ക്രിസ്ത്യന്‍ പള്ളിയായ ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് നാലോ അതിലധികമോ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് പ്രോത്സാഹനവുമായി രംഗത്ത് വന്നിരിക്കുന്നത്. നാലാമത്തെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തേതിന് 5000 രൂപയും ചര്‍ച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. മിസോറാമിലെ ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് സഭയുടെ ഈ തീരുമാനം.
ആറാമത്തെ കുട്ടിമുതല് മുകളിലേക്ക് എത്രവരെ പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചര്‍ച്ച് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസികള്‍ ജന്മം നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന് പറഞ്ഞു.
2011ലെ സെന്‍സസ് പ്രകാരം മിസോറാമില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഉള്ളത്. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഈ ദശാബ്ദത്തില്‍ 23.48 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച.