ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിച്ചേക്കും.
ഒപെക് രാജ്യങ്ങളും റഷ്യയും ഉല്പാദന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍, മറ്റൊരു പ്രമുഖ എണ്ണ ഉല്പാദക രാജ്യമായ ഇറാനില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ ഓഹരി വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നതും പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അനുകൂലമായതും വിലവര്‍ധനയ്ക്കു കാരണമാണെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.
വിലവര്‍ധന ഇന്ത്യയെ സാരമായി ബാധിക്കും. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വില ഉയരുമ്പോള്‍ ഇറക്കുമതിച്ചെലവ് വര്‍ധിക്കും. വിലവര്‍ധന എണ്ണക്കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറാനാണ് സാധ്യത. എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാരും സംസ്ഥാന നികുതി സംസ്ഥാന സര്‍ക്കാരും കുറയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ വില കുറയൂ.
എണ്ണവില കുറയുന്നത് അവശ്യ സാധനങ്ങളുടെ വില കൂട്ടും.വിലക്കയറ്റം കൂടിയാല്‍ ബാങ്ക് വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുകയുമില്ല.