ഇങ്ങനെയാണെങ്കില്‍ ഇന്ധനവില 100ല്‍ നില്‍ക്കില്ല…..

ന്യൂഡല്‍ഹി: ജനങ്ങളെ ആശങ്കയിലാക്കി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 80 ഡോളര്‍ കടന്നു. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയാണ് ഉയര്‍ന്നത്. 2014 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ തന്നെ ദിനംപ്രതിയെന്നോണം ഇന്ത്യന്‍ വിപണിയില്‍ വില വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന മാറ്റം സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയങ്കില്‍ ഇന്ധനവില ഇനിയും വര്‍ധിക്കും. രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 80.50 ഡോളറായിട്ടാണ് ഉയര്‍ന്നത്.

റെക്കോഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില കുതിക്കുകയാണ്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. രൂപയുടെ മൂല്യത്തിലുളള ഇടിവും, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് ഇതിന് കാരണം. പെട്രോള്‍ വിലയില്‍ 11 പൈസയുടെയും ഡീസലില്‍ അഞ്ചുപൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 83 രൂപയിലേക്ക് നീങ്ങുകയാണ്. ഡീസല്‍ വിലയിലും മാറ്റമുണ്ട്. 75 രൂപയിലേക്കാണ് കടക്കുന്നത്.

ഇന്ധനവില കുതിക്കുമ്പോഴും എക്സൈസ് നിരക്ക് കുറച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. നികുതി നിരക്ക് കുറയ്ക്കുന്നതിന് പകരം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വര്‍ധിച്ച ആവശ്യകത നിലനില്‍ക്കുമ്പോള്‍ ഇറക്കുമതി കുറയ്ക്കുന്നത് ഗുണം ചെയ്യുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7