അൽബുക്കർക്: അയൽവാസികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പത്തുവയസുകാരൻ വെടിയുതിർത്തു. വെടിയേറ്റ് 16കാരിയായ അയൽവാസി കൊല്ലപ്പെട്ടു. അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ അൽബുക്കർകിലാണ് ഞെട്ടിക്കുന്ന സംഭവം. ഒക്ടോബർ 31ന് ഹാലോവീൻ ആഘോഷദിവസമാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ വീട്ടിലെ സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ഇപ്പോഴാണ് പുറത്തുവിട്ടത്.
16കാരിയായ കൈനർലൈൻ പ്ലാസ റാംഗലാണ് കൊല്ലപ്പെട്ടത്. ഹാലോവീൻ ആഘോഷത്തിനിടെ അമിതമായ ശബ്ദമുണ്ടാക്കുന്നതിനെച്ചൊല്ലി പരാതിപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി അയൽവാസിയായ 40കാരി എലൈന ഗോമസ്-വില്ലെഡയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളിൽ തർക്കം രൂക്ഷമാകുന്നതും രണ്ട് സ്ത്രീകൾ പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ ഗോമസ്-വില്ലെഡ മകനോട് വീട്ടിൽനിന്ന് തോക്ക് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. പത്തുവയസുകാരൻ തോക്കുമായി പുറത്തേക്ക് വരുകയും ഏറ്റുമുട്ടിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് നേരെ ചൂണ്ടുകയും ചെയ്തു.
‘അവൻ നിങ്ങളെ വെടിവെക്കും, നോക്കൂ, അവൻ ആരെയെങ്കിലും വെടിവെക്കാൻ പോകുകയാണ്’ എന്ന് ഗോമസ്-വില്ലെഡ മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ കുട്ടി രണ്ട് തവണ വെടിയുതിർത്തു. ഇതിലൊരു വെടിയുണ്ട കൈനർലൈൻ റാംഗലിന്റെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവം സ്വന്തം വീട്ടിൽനിന്ന് കണ്ട റാംഗലിന്റെ പിതാവ് കൈനർ പ്ലാസ രോഷാകുലനായി അയൽവാസിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി. വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ ഗോമസ്-വില്ലെഡ തോക്ക് കൈക്കലാക്കി അദ്ദേഹത്തിന് നേരെയും വെടിയുതിർത്തു.
തുടർന്ന് ഗോമസ്-വില്ലെഡ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കൈനർ പ്ലാസ നിലത്ത് കിടക്കുന്നതും ഗോമസ്-വില്ലെഡയുടെ കൈയിൽ തോക്കുള്ളതുമാണ് കണ്ടത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗോമസ്-വില്ലെഡയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. എന്നാൽ വെടിയുണ്ടകൾ ലക്ഷ്യം തെറ്റി അപ്പാർട്ട്മെന്റിന് പുറത്തുള്ള ചുവരിലാണ് പതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മകളുടെ മരണത്തിൽ തകർന്നുപോയ പിതാവ് കൈനർ പ്ലാസയുടെ വാക്കുകളും പുറത്തുവന്നിട്ടുണ്ട്. ‘ഇത് സംഭവിച്ചുവെന്ന് നിങ്ങൾക്കറിയാം. അവർ ഞങ്ങളുടെ സന്തോഷം കവർന്നെടുത്തു. അവൾ വളരുന്നത് കാണുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. മകൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നത് നീതിയല്ല. ഇത് ഒട്ടും നീതിയല്ല’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
സംഭവത്തിൽ ഗോമസ്-വില്ലെഡയ്ക്കെതിരെ ആദ്യം ഒന്നാം ഡിഗ്രി കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും ഗ്രാൻഡ് ജൂറി പിന്നീട് കുറ്റം രണ്ടാം ഡിഗ്രി കൊലപാതകമായി കുറച്ചു. പ്രായപൂർത്തിയാകാത്ത മകന് തോക്ക് ലഭ്യമാക്കിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം, വെടിയുതിർത്ത പത്തുവയസുകാരനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. കുട്ടിയെ കസ്റ്റഡിയിലെടുക്കുന്നതിനുപകരം ശിശുസംരക്ഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. കുട്ടിയെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനുള്ള പ്രായമായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് പ്രോസിക്യൂട്ടർമാരുമായി ചേർന്ന് പരിശോധിച്ചുവരികയാണെന്ന് അൽബുക്കർക് പൊലീസ് മേധാവി സെസിലി ബാർക്കർ പറഞ്ഞു. കുട്ടിക്ക് 12 വയസു തികയുമ്പോൾ ജുവനൈൽ ജില്ലാ അറ്റോർണി ഓഫീസുമായി ചേർന്ന് കേസ് വീണ്ടും വിലയിരുത്തുമെന്നും അവർ വ്യക്തമാക്കി.