കൊച്ചി: കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പത്മജ വേണുഗോപാല്‍ സംഘ്പരിവാര്‍ നിലപാടുകള്‍ ഉപേക്ഷിച്ചെന്ന് സ്വന്തം നാവുകൊണ്ട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. സംഘ്പരിവാര്‍ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അപകടകരമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. അതേ നിലപാട് സ്വീകരിക്കാന്‍ പത്മജയും തയ്യാറാകണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും അവര്‍ പറഞ്ഞു. പത്മജയ്ക്ക് ഇപ്പോഴും സംഘ്പരിവാര്‍ ശക്തികളോട് വിരോധമില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
സംഘ്പരിവാറിനെ ഭയന്നാണോ, അവരില്‍നിന്നുള്ള ആക്രമണം ഭയന്നാണോ, അതോ അവരോട് യഥാര്‍ഥത്തില്‍ അടുപ്പമുള്ളതുകൊണ്ടാണോ ഇത്തരമൊരു നിലപാടെന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസിലേക്ക് മടങ്ങിവരാനാണ് ഉദ്ദേശമെങ്കില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെപ്പോലും ഇക്കാര്യം ബോധ്യപ്പെടുത്തണം. സംഘ്പരിവാറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വസിച്ചാണ് തിരിച്ചുവരുന്നതെന്ന് വ്യക്തമാക്കണം. കെ. കരുണാകരന് കോണ്‍ഗ്രസിന്റെ സ്വത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ ലീഡറുമാണ്.
അദ്ദേഹത്തെ വരെ സംഘ്പരിവാര്‍ ചേരിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിച്ചിട്ടുണ്ട്. ആ വേദന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തനിക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ ഇടമല്ല കോണ്‍ഗ്രസെന്ന് പത്മജ പറഞ്ഞിട്ടുണ്ടെങ്കില്‍ അതും ഗൗരവമുള്ള വിഷയമാണ്. അങ്ങനെയൊരു പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് പത്മജ തന്നെയാണ് വ്യക്തമാക്കേണ്ടത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മാത്രം പാര്‍ട്ടിയിലേക്ക് വരാനാകില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.