ബേണ്‍: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രചാരം നേടിയത്.
2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നത്. വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്‌വിപി) നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ‘തീവ്രവാദം നിര്‍ത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്‌വിപി ആവശ്യം ഉന്നയിച്ചത്. അതേസമയം എസ്‌വിപിയുടെ പരാമര്‍ശത്തെ ഇസ്‌ലാമിക മതവിശ്വാസികളുടെ ഇരുണ്ട ദിനമെന്നാണ് സ്വിസ് ഇസ്‌ലാമിക് ഗ്രൂപ്പ് പ്രതികരിച്ചത്. എസ് വിപിയുടെ ആവശ്യത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം വിഭാഗക്കാരെ നിഷേധിക്കുന്നതിന് തുല്യമാണ് ഇതെന്നും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട്‌ചെയ്യുന്നുണ്ട്.
2021ല്‍ പുതിയനിയമം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ സര്‍വേയില്‍ മുസ്‌ലിം വിഭാഗക്കാര്‍ ധരിക്കുന്ന ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അനുകൂലിച്ചായിരുന്നു സ്വിസ് ജനതയുടെ ഭൂരിഭാഗവും വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം കൊണ്ടുവരുന്നതിന് പിന്നിൽ മുസ്‌ലിം വിരുദ്ധതയാണെന്ന തരത്തിൽ നേരത്തേ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ മുസ്‌ലിം വിഭാഗത്തിന് എതിരായല്ല ഈ നിയമം സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. തെരുവുകളില്‍ സമരം നടത്തുന്നവരും പ്രതിഷേധക്കാരും മുഖം മറയ്ക്കുന്നത് തടയുകയാണ് നിയമം കൊണ്ട് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാര്‍ ധരിക്കുന്ന ബന്ദാന, നിഖാബ്, സ്‌കി മാസ്‌ക് തുടങ്ങിയവയ്ക്കും പുതിയ നിയമപ്രകാരം വിലക്കുണ്ടെന്നാണ് എപി ന്യൂസിന്റെ റിപ്പോര്‍ട്ട്. ബുർഖ വിലക്കുന്നതിനെതിരെ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ബുർഖ അടിച്ചമർത്തലിന്റെ പ്രതീകമായി കണക്കാക്കുന്ന സ്ത്രീകൾക്കൊപ്പം, സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് തീരുമാനിക്കേണ്ടത് നിയമമല്ല എന്ന അഭിപ്രായക്കാരുമുണ്ട്.
പൊതുയിടങ്ങളിൽ ബുർഖ ഉൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് നേരത്തേ യുറോപ്യൻ രാജ്യങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. 2011ൽ ഫ്രാൻസിൽ ബുർഖ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. നെതർലൻഡ്സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിലും പൂർണമായോ ബാഗികമായോ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.