കൊച്ചി: വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ നഗര ഗതാഗതത്തിന്‍റെ നിലവാരം ഉയർത്തിയതായും റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര പദ്ധതികളെ കുറിച്ചുള്ള യുഎൻ ഹാബിറ്റാറ്റിന്‍റെ ഈ വർഷത്തെ വേൾഡ് സിറ്റീസ് റിപ്പോർട്ടിൽ ആണ് കൊച്ചി വാട്ടർ മെട്രോയെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.
ലോകത്തെ വിവിധ നഗരങ്ങളിലെ പദ്ധതികളെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ പതിനഞ്ചാം അദ്ധ്യായമാണ് കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ടി മാറ്റിവെച്ചിട്ടുള്ളത്. കൊച്ചിയിലെ നിരവധി ദ്വീപുകളെ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിച്ച് നഗരവുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം ജലഗതാഗത്തിന് സൗകര്യമുള്ള മറ്റു നഗരങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന് വാട്ടർ മെട്രോ സഹായിക്കുന്നതായും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വളരെ കുറവാണ് എന്നും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷ, സമയലാഭം എന്നിവയിൽ വാട്ടർ മെട്രോ മുന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. 2023 ൽ കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നത് വരെ തുടക്കം മുതൽ കടന്നുപോയ എല്ലാ ഘട്ടങ്ങളെ കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ജലഗതാഗത രംഗത്ത് വൻ സാധ്യതകളുള്ള നഗരങ്ങൾ പോലും ഇത്തരമൊരു സാധ്യത പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്നും യുഎൻ ഹാബിറ്റാറ്റ് പറയുന്നു.
എണ്ണയും പുകയും നിറഞ്ഞ അഴുക്കു പിടിച്ച ബോട്ടുകളുടെയും തകർന്ന ബോട്ടു ജെട്ടികളുടെയും ദയനീയ അവസ്ഥ കണ്ടുവളർന്ന കൊച്ചി നിവാസികൾക്ക് മാതൃകാപരമായ ജല ഗതാഗത സവിധാനം ഒരുക്കി നൽകാൻ വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞതായും ഈ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയുടെ പൊതു ഗതാഗത മേഖലയിൽ പ്രധാന ഘടകമായി മാറിയ വാട്ടർ മെട്രോയിലൂടെ 30 ലക്ഷത്തിലധികം പേർ ഇതുവരെ യാത്ര ചെയ്തു കഴിഞ്ഞു. നൂറുകണക്കിന് വിനോദ സഞ്ചാരികളും വാട്ടർ മെട്രോയുടെ പ്രയോജനം അനുഭവിച്ചറിഞ്ഞവരാണ്.
Leave a Comment