തൊണ്ടി മുതൽ പ്രതിയുടേതാണോ എന്നറിയാൻ ഇട്ടുനോക്കിച്ച് ഉറപ്പുവരുത്തി; ആന്റണി രാജുവിനെ വെട്ടിലാക്കിയ അടിവസ്ത്രവും ഹാഷിഷും

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരളാ കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജുവിന് പണികിട്ടിയത് ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി വഴി. കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയെ അപ്രസക്തമാക്കി സുപ്രിംകോടതി.

ആന്റണി രാജു പണികൊടുത്ത ഓസ്ട്രേലിയക്കാരൻ

1990 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കേസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണയ്ക്കെടുത്തപ്പോൾ ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് അന്നത്തെ തിരുവനന്തപുരം സെഷൻസ് ജഡ്ജി കെവി ശങ്കരനാരായണൻ ഉത്തരവിറക്കി.

എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത് അന്ന് പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോനായിരുന്നു. കേസിൽ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടി വസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ലായെന്നതാണ്. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. അതോടെ നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. അതിനു തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു.

കേരളത്തിൽ നിന്നു ഓസ്ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ ഒരു കൊലക്കേസിൽ പെട്ടതോടെ കുടുങ്ങിയത് ആന്റണി രാജുവായിരുന്നു. അവിടെ മെൽബൺ റിമാൻഡ് സെന്ററിൽ തടവിൽ കഴിയുമ്പോൾ ആൻഡ്രൂ, സഹതടവുകാരനോട് കേരളത്തിൽ നിന്ന് മയക്കുമരുന്നു കേസിൽ രക്ഷപ്പെട്ട കഥ പറയുകയുണ്ടായി.

അതിൽ അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായതെങ്ങനെയാണെന്നു വിവരിച്ചു. പിന്നീട് സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25 ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സിബിഐക്ക് അയച്ചു. സിബിഐ ഡൽഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരളാ പോലീസിനു ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി.

പിന്നീട് മൂന്നുവർഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവാകുകയായിരുന്നു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. ഇതിനിടെ ആന്റണി രാജു എംഎൽഎയായി. 2005-ൽ കേസ് പുനരന്വേഷിക്കാൻ ഐജിയായിരുന്ന ടിപി സെൻകുമാർ ഉത്തരവിട്ടു. 2006-ൽ വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും എട്ടുവർഷം കേസിന് അനക്കമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 2014-ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയിൽ ആന്റണി രാജു ഹാജരാകാത്തതിനാൽ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കോടതി കേസ് പരിഗണിച്ചത്.

pathram desk 5:
Related Post
Leave a Comment