പത്താം വാർഷികത്തിൽ പുതിയ രണ്ട് ചിത്രങ്ങൾ അന്നൗൺസ് ചെയ്ത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

സിനിമ നിർമാണ രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന വേളയിൽ പുതിയ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ച് സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ച് കൊണ്ട് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പിന്നീട് കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി, ആർ ഡി എക്സ് തുടങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചു. ഓണം റിലീസായി എത്തിയ ആർ ഡി എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം കുറിച്ചിരിക്കുകയാണ്. ഇന്ന് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സുപ്രിയ പൃഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ്.ജെ.പുളിക്കൽ എന്നിങ്ങനെ നിരവധി പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തു. ആൻ്റണി വർഗീസ് നായകനാകുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ എസ് എ പ്രഭാകരൻ, സലീൽ – രഞ്ജിത്ത് (ചതുർമുഖം), ഫാന്റം പ്രവീൺ (ഉദാഹരണം സുജാത), പ്രശോഭ് വിജയൻ (അന്വേഷണം)
തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള അജിത് മാമ്പള്ളി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്. ഈ ചിത്രം കൂടാതെ വേറെ മൂന്ന് ചിത്രങ്ങൾ കൂടി പത്താം വാർഷികത്തോട് അനുബന്ധിച്ച് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് അന്നൗൺസ് ചെയ്യുന്നുണ്ട്. ജാനേമൻ ഫെയിം ചിദംബരമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിക്കുന്ന എട്ടാമത് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കടലിൻ്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ആൻ്റണി വർഗീസ് നായകനാകുന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആർ ഡി എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ വൻ ബഡ്ജറ്റിൽ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം. ആർ ഡി എക്‌സിൽ തീ പാറും പ്രകടനം കാഴ്ച്ചവച്ച ആൻ്റണി വർഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം, പശ്ചാത്തല സംഗീതം – സാം സി എസ്, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്, എഡിറ്റിംഗ്‌ – ശീജിത്ത് സാരംഗ്, കലാസംവിധാനം – മനു ജഗത്, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

Similar Articles

Comments

Advertismentspot_img

Most Popular