ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടിയുള്ള കളക്ടറായി നിയമിച്ചതിനെതിരേ പൊതുസമൂഹത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെടെ നിയമനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീറാമിനെ മാറ്റിയത്.

ജൂലായ് 24നാണ് ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്.

കളക്ടറായ ശ്രീറാം വിളിച്ചുചേര്‍ത്ത നെഹ്രു ട്രോഫി വള്ളംകളി നടത്തിപ്പുസംബന്ധിച്ച യോഗം കോണ്‍ഗ്രസും മുസ്‌ലിംലീഗും ബഹിഷ്‌കരിച്ചിരുന്നു. ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി കാന്തപുരം വിഭാഗം ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശ്രീറാമിനെതിരേ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും പരാതി ലഭിച്ചിരുന്നു.

വി.ആര്‍. കൃഷ്ണതേജ ആലപ്പുഴയില്‍ പുതിയ കളക്ടറാകും. നിലവില്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറാണ് കൃഷ്ണതേജ. സംസ്ഥാന പിന്നാക്കവികസന കമ്മിഷന്‍ മാനേജിങ് ഡയറക്ടറുടെ അധികചുമതല എന്‍. ദേവദാസിനും പട്ടികജാതി വികസനവകുപ്പ് ഡയറക്ടറുടെ അധികചുമതല അനുപം മിശ്രയ്ക്കും നല്‍കി.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍തീരുമാനം കേരള മുസ്‌ലിം ജമാഅത്ത് സ്വാഗതംചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ബുഖാരി, വണ്ടൂര്‍ അബ്ദുല്‍റഹ്മാന്‍ ഫൈസി, എന്‍. അലിഅബ്ദുല്ല, സി.പി. സൈതലവി, മജീദ് കക്കാട്, എ. സൈഫുദീന്‍ഹാജി, പ്രൊഫ. യു.സി. അബ്ദുല്‍മജീദ് എന്നിവര്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular