നടന്‍ ധര്‍മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കേസ്; 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

കൊച്ചി: 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വഞ്ചനാക്കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

അതേ സമയം ഫ്രാഞ്ചൈസിയില്‍ പുറത്തുനിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നെന്നും പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ പറയുന്നു.

എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്. വരാപ്പുഴ വലിയപറമ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ല്‍ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കുകയും 10000 രൂപ കൈപ്പറ്റുകയും ചെയതു. തുടര്‍ന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരന്‍ പറയുന്നു. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തി വച്ചു. ഇതോടെ ബിസിനസ് താറുമാറിലാകുകയും വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാതെ കോപ്പി നല്‍കുകയും പിന്നീടു നല്‍കാമെന്നു വാഗ്ദാനം നല്‍കിയെങ്കിലും ചെയ്തില്ല. ഇതിനിടെ ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങള്‍ പറഞ്ഞാണ് വന്‍ തുക കൈവശപ്പെടുത്തിയതെന്നു പരാതിക്കാരന്‍ പറയുന്നു. പരാതിയില്‍ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്‌റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

pathram:
Related Post
Leave a Comment