ടോൾ കടക്കാൻ 315 രൂപ, 50 ട്രിപ്പിന് 10540 രൂപ; ബസ് പണിമുടക്ക് 22–ാം ദിവസത്തിലേക്ക്

വടക്കഞ്ചേരി: തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യബസുകൾ നടത്തുന്ന പണിമുടക്ക് 22-ാം ദിവസത്തിലേക്കു കടന്നു. പന്നിയങ്കരയിൽ സ്വകാര്യബസുകൾക്കുള്ള അമിത ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുകള്‍ പണിമുടക്കുന്നത്. ബസില്ലാതായതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി പതിവു ട്രിപ്പുകൾ മാത്രമാണു നടത്തുന്നത്. സാധാരണക്കാരായ യാത്രക്കാരാണ് ഏറെ വലയുന്നത്. തൊഴിലാളികള്‍ക്കു ജോലിസ്ഥലത്തു സമയത്ത് എത്താൻ പോലും കഴിയുന്നില്ല.

ഇതിനിടെ ബസ് ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലായി. കോവിഡ് മൂലം നിര്‍ത്തിവച്ച സര്‍വീസുകൾ തുടങ്ങിയപ്പോഴാണു ടോള്‍ നിരക്കിന്റെ പേരില്‍ സമരം വന്നത്.തൃശൂർ-പാലക്കാട്, ഗോവിന്ദാപുരം, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന നൂറ്റൻപതോളം ബസുകൾ പണിമുടക്കുന്നതായി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

വടക്കഞ്ചേരി എംഎല്‍എ ഓഫിസില്‍ ഇന്നു പി.പി. സുമോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. നാളെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ഇന്നു ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നു തൃശൂർ-പാലക്കാട് സ്വകാര്യ ബസുടമ- തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പി.പി.സുമോദ് എംഎല്‍എ പറഞ്ഞു.

പന്നിയങ്കരയിൽ മാർച്ച് 9 മുതലാണു ടോൾ പിരിവ് ആരംഭിച്ചത്. ഏപ്രില്‍ ഒന്നു മുതൽ നിരക്കു കൂട്ടി. സ്വകാര്യ ബസുകൾക്കു പ്രതിമാസം 50 ട്രിപ്പിന് 10540 രൂപ ടോൾ നൽകണം. ഒരു പ്രാവശ്യം ടോൾ കടക്കാൻ 315 രൂപയും ഇരുഭാഗത്തേക്കുമായി 475 രൂപയാണു പുതിയ നിരക്ക്. നിരക്ക് പാലിയേക്കര, വാളയാര്‍ ടോള്‍ പ്ലാസയിലേതുപോലെ കുറയ്ക്കണമെന്നാണു സമരക്കാരുടെ ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular