ട്രെയിന്‍ യാത്രയ്ക്കിടെ മകനെ നഷ്ടമായി; അഞ്ച് വര്‍ഷത്തിന് ശേഷം അസറുദീന്‍ അമ്മയ്ക്കരികില്‍

തിരുവനന്തപുരം: ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായ ഭിന്നശേഷിക്കാരനായ മകന്‍ അഞ്ചുവര്‍ഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കര്‍ണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ എത്തി മകനെ ഏറ്റുവാങ്ങിയത്.

ഇരുപത്തിയഞ്ചു വയസ്സുള്ള അസറുദീനെ 2017-ല്‍ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രയിലാണ് മെഹബൂബിക്ക് നഷ്ടമായത്. മാസങ്ങളായി മകനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കോവിഡ് കാലമായതോടെ അന്വേഷണം നിലച്ചു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.

തെരുവില്‍ അലഞ്ഞുതിരിഞ്ഞ അസറുദീനെ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതരാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന ധാരണയില്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. മാനസികാസ്വാസ്ഥ്യമില്ലെന്നും ഭിന്നശേഷിക്കാരനാണെന്നും കണ്ടെത്തിയതോടെ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ ചാരിറ്റി വില്ലേജില്‍ എത്തിച്ചു.

ആദ്യമൊന്നും യാതൊന്നും സംസാരിക്കാതിരുന്ന അസറുദീന്‍ പതുക്കെ തന്റെ നാടിനെക്കുറിച്ച് ചിലതെല്ലാം ചാരിറ്റി വില്ലേജ് അധികൃതരോടു പറഞ്ഞു.

തുടര്‍ന്ന് ഷിമോഗയില്‍ അസറുദീന്റെ ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മൂന്നുമാസം മുന്‍പാണ് മെഹബൂബിയെ കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മെഹബൂബി ഞായറാഴ്ച ഇവിടെയെത്തി മകനെ നാട്ടിലേക്ക് കൊണ്ടുപോയി.

pathram:
Related Post
Leave a Comment