അടിയന്തര നടപടികളിലൂടെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന

വാക്‌സിനേഷന്‍, മാസ്‌ക് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയിലൂടെ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഹ്രസ്വകാലത്തെ നടപടികളിലൂടെ ഡെല്‍റ്റ പ്ലസിനെ പിടിച്ചു കെട്ടാനായില്ലെങ്കില്‍ ലോക്ഡൗണ്‍ നടപടികളിലേക്ക് വീണ്ടും പോകേണ്ടി വരുമെന്ന് റഷ്യയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി മെലിറ്റ വുജ്‌നോവിക് മുന്നറിയിപ്പ് നല്‍കി.

B.1.617.2 എന്ന ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചുണ്ടായതാണ് AY.1 എന്ന് അറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നും എല്ലാവരും വാക്‌സീന്‍ എടുത്താല്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതയും രോഗതീവ്രതയും കുറയുമെന്നും മെലിറ്റ ചൂണ്ടിക്കാട്ടി. വര്‍ധിച്ച വ്യാപന ശേഷി, ശ്വാസകോശത്തിലെ റിസപ്റ്റര്‍ കോശങ്ങളുമായി ശക്തമായി ബന്ധിക്കാനുള്ള കഴിവ്, ആന്റിബോഡി പ്രതിരോധത്തിന് വിള്ളല്‍ വീഴ്ത്താനുള്ള ശേഷി എന്നിവയാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകതകള്‍. ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് ബീറ്റ വകഭേദത്തില്‍ നിന്ന് K417N എന്നൊരു വ്യതിയാനം കൂടി ഡെല്‍റ്റ കൈവരിച്ചിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് ആശങ്ക പരത്തുന്ന കോവിഡ് വകഭേദമായി ഡെല്‍റ്റ പ്ലസിനെ പ്രഖ്യാപിച്ചിരുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ ഈ പുതിയ ശ്രേണിയുടെ വ്യാപനത്തെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധ ഡോ. വിനീത് ഭാല്‍ പറയുന്നു. ഡെല്‍റ്റയേക്കാല്‍ 60 ശതമാനം വേഗത്തില്‍ ഡെല്‍റ്റ പ്ലസ് പടരാമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 51 ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിനും ഈ വകഭേദം കാരണമായേക്കാമെന്ന ആശങ്കയുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് ലോകത്തെ 11 രാജ്യങ്ങളിലും ഡെല്‍റ്റ പ്ലസ് കണ്ടെത്തി. അമേരിക്ക, യുകെ, ജപ്പാന്‍, റഷ്യ, ചൈന, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7